മെയ്‌ 12 ലോക നേഴ്സസ് ദിനം-കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന നേഴ്സുമാർക്ക്‌ ആശംസകൾ: കല കുവൈറ്റ്

മെയ്‌ 12 ലോക നേഴ്സസ് ദിനം-കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന നേഴ്സുമാർക്ക്‌ ആശംസകൾ: കല കുവൈറ്റ്
ലോക നേഴ്സസ് ദിനത്തിൽ ലോകമെമ്പാടും കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിട്ടുള്ള നേഴ്സുമാർക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ആശംസകൾ. തുടർച്ചയായി രണ്ടാം വർഷവും കോവിഡ്-19 ന്റെ ഭീഷണിയിൽ നിൽക്കുന്ന അവസരത്തിലാണ് ഈ വർഷത്തെ ലോക നേഴ്സസ് ദിനം കടന്നു വന്നിരിക്കുന്നത്.
ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ജീവഹാനിക്ക്‌ കാരണമായ ഈ മഹാമാരിക്കെതിരായുള്ള യുദ്ധമുഖത്ത് ഏറ്റവും മുൻ നിരയിൽ നിൽക്കുന്നത് നേഴ്സുമാരാണ്. ലോകത്തിന്റെ എല്ലാ കോണുകളിലും ഊണും ഉറക്കവും ഇല്ലാതെ ജോലിചെയ്യുകയാണ് ഇവർ. സ്വയംസംരക്ഷക ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മുതൽ അർഹിക്കുന്ന വേതനം ലഭിക്കാത്തത്‌ വരെ നീളുന്നു ഈ മേഖല നേരിടുന്ന പ്രതിസന്ധികൾ. ഈ പ്രതിസന്ധികൾക്കിടയിലും പ്രതിരോധ നിരയുടെ മുൻനിരയിൽ നിന്ന് പോരാടുകയാണവർ. നേഴ്സിംഗ് സമൂഹത്തിൽ നിന്നും നിരവധി പേരുടെ ജീവനാണ് ഈ പോരാട്ടത്തിനിടയിൽ പൊലിഞ്ഞു പോയത്.
ഈ മഹാമാരിയിൽ നിന്നും ലോകത്തെ വീണ്ടെടുക്കുന്നതിനായി കാരുണ്യവും, കരുതലും, ദയാവായ്പും കൊണ്ട് സാന്ത്വനമാകുന്ന നേഴ്സിംഗ് സമൂഹത്തെ മുഴുവൻ അഭിവാദ്യം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ്‌ എന്നിവർ ആശംസ സന്ദേശത്തിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *