കുവൈറ്റ് കല ട്രസ്റ്റ് അവാർഡ് വിതരണം ചെയ്തു.

തിരുവനന്തപുരം: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വി. സാംബശിവൻ സ്മാരക പുരസ്ക്കാരം പാളയം അയ്യങ്കാളി ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി പാസ്സായിട്ടുള്ള കുട്ടികള്‍ക്കായി ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് മന്ത്രി നിര്‍‌വ്വഹിച്ചു. ഈ വര്‍ഷത്തെ സാംബശിവൻ പുരസ്ക്കാരം പ്രശസ്ത കവി മുരുകൻ കാട്ടാക്കടക്ക് മന്ത്രിയും, വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ വിതരണം നോർക്ക വൈസ് ചെയർമാൻ വി ശ്രീരാമകൃഷ്‌ണനും നിര്‍‌വ്വഹിച്ചു.
പട്ടിണികിടക്കുന്ന ഒരാൾ പോലുമില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതി ദാരിദ്രമില്ലാത്ത പദ്ധതി താമസിയാതെ സർവേ പൂർത്തിയാക്കും. രാജ്യത്ത് ആളോഹരി വരുമാനം കുറവുള്ള സംസ്ഥാനമാണ് കേരളമെങ്കിലും എല്ലാം വിഭാഗവും അന്തസ്സോടെ ജീവിക്കുന്നത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. സി പി ഐ എം തിരുവന്തപുരം ജില്ലാ സെക്രട്ടറി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ൻ അധ്യക്ഷതയിൽ കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്വാഗത സംഘം കണ്‍‌വീനര്‍ മൈക്കിള്‍ ജോണ്‍സണ്‍ ആദരപത്രം വായിച്ചു. കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി. ജയൻ ബാബു, സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ: ശ്രീകല, പ്രൊഫ: മുരളി, സജീവ് തൈക്കാട്, കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം മാത്യു ജോസഫ്, വി സുദർശൻ, ജെ ആൽബർട്ട് എന്നിവർ സംസാരിച്ചു. മുരുകൻ കാട്ടാക്കട മറുപടി പറഞ്ഞു. സി പ്രസന്നകുമാർ സ്വാഗതവും പ്രിൻസ്റ്റൻ ഡിക്രൂസ് നന്ദിയും പറഞ്ഞു. ബാലസംഘം പ്രവർത്തകർ മുരുകൻ കാട്ടാക്കടയുടെ ‘മനുഷ്യനാകണം’ എന്ന് തുടങ്ങുന്ന കവിത ആലപിച്ചു.
മറ്റു ജില്ലകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെ വിതരണം പിന്നീട് നടക്കും. 14 ജില്ലകളിലായി 35 കുട്ടികളെയാണ്‌ ഈ വർഷത്തെ വിദ്യാഭ്യാസ എൻഡോവ്മെന്റിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *