എല്‍ഡിഎഫ് മനുഷ്യചങ്ങലയ്ക്ക്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച് കല കുവൈറ്റ്‌ അബുഹലീഫ മേഖല സമ്മേളനം

കുവൈറ്റ്‌ സിറ്റി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുക, സഹകരണമേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ 29ന് നടക്കുന്ന മനുഷ്യ ചങ്ങലയ്ക്ക്‌ കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ് അബു ഹലീഫ മേഖല സമ്മേളനം പ്രമേയത്തിലൂടെ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഫിദൽ കാസ്ട്രോ നഗറിൽ (ഉദയം ഓഡിറ്റോറിയം, മെഹ്ബൂള) നടന്ന സമ്മേളനം കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. മേഖലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 131 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മണിക്കുട്ടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജ്യോതിഷ്‌ ചെറിയാൻ, കെ.വിനോദ്‌, സുമതി ബാബു എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി മുസ്‌ഫർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കല കുവൈറ്റ്‌ ട്രഷറർ അനിൽ കൂക്കിരി കഴിഞ്ഞ വർഷത്തെ സാമ്പത്തിക റിപ്പോർട്ടിന്റെ സംഗ്രഹം അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. ചർച്ചകൾക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൌഷാദ്, മേഖല സെക്രട്ടറി എം.പി മുസ്ഫർ എന്നിവർ മറുപടി നൽകി.

വരുന്ന ഒരു വർഷം അബുഹലീഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 11 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി പി.ബി. സുരേഷിനേയും, മേഖല സെക്രട്ടറിയായി എം.പി. മുസ്‌ഫറിനേയും തിരഞ്ഞെടുത്തു. ജനുവരി 13 ന് നടക്കുന്ന കല കുവൈറ്റിന്റെ 38 മത് വാർഷിക സമ്മേളന പ്രതിനിധികളായി 60 പേരെ സമ്മേളനം തിരഞ്ഞെടുത്തു.

മേഖലയിലെ പ്രവർത്തകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണു സമ്മേളന നടപടികൾ ആരംഭിച്ചത്‌. കേന്ദ്ര കമ്മിറ്റി അംഗം ടി.വി.ഹിക്മത്‌ കല കുവൈറ്റ് നടത്തിക്കൊണ്ടിരിക്കുന്ന നോർക്ക-റൂട്ട്സ് പ്രവാസി ഐഡി കാർഡിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സുഗതകുമാർ, വൈസ്‌ പ്രസിഡന്റ്‌ ടി.കെ.സൈജു എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. പ്രജോഷ്‌, പി.ആർ. ബാബു, ശോഭ സുരേഷ്‌ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, വിനോദ്‌ പ്രകാശ്‌, മണിക്കുട്ടൻ എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും ജിതിൻ പ്രകാശ്‌, ബിജു രവീന്ദ്രൻ, ചന്ദ്രബോസ്‌, സുമേഷ്‌ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടേയും സുദർശനൻ കളത്തിൽ, പി.വി.സുരേഷ്‌, അജീഷ്‌ എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.ബി സുരേഷ്‌ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ജനറൽ കൺവീനർ നാസർ കടലുണ്ടി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *