ആവേശത്തിമിർപ്പിൽ മലയാളം മിഷൻ പഠനോത്സവം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആദ്യമായി നടത്തിയ മലയാളം മിഷൻ പഠനോത്സവം വ്യത്യസ്തമായ പരീക്ഷാ രീതി കൊണ്ടും, വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ആവേശമായി. മലയാളം മിഷൻ “കണിക്കൊന്ന” പരീക്ഷയുടെ ഭാഗമായാണ് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന പരീക്ഷയിൽ 18 ക്ലാസ്സുകളിലായി 510 വിദ്യാർത്ഥികൾ പങ്കെടുത്തു. പഠനോത്സവത്തിന്റെ ഉദ്‌ഘാടനം യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ മാനേജർ അഡ്വ: ജോൺ തോമസ് നിർവ്വഹിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ.സജി സ്വാഗതവും, ചാപ്റ്റർ അംഗം തോമസ് കുരുവിള നന്ദിയും രേഖപ്പെടുത്തി. മലയാളം മിഷൻ പരീക്ഷാ കോർഡിനേറ്റർ എം.ടി.ശശി സംസാരിച്ചു. ചാപ്റ്റർ അംഗങ്ങളായ സാം പൈനുംമൂട്, അബ്ദുൾ ഫത്താഹ് തയ്യിൽ, സനൽകുമാർ, സജിത സ്കറിയ, ബഷീർ ബാത്ത, സജീവ് എം.ജോർജ്ജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കവിതകളും, പാട്ടുകളുമായി നടന്ന പഠനോത്സവം കുട്ടികളിലും, രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്തു.

തുടർന്ന് 18 ക്ലാസ്സുകളിലായ് കുട്ടികൾ പരീക്ഷയെഴുതി. കല കുവൈറ്റ്, എസ്.എം.സി.എ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ എന്നീ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 10 മാർക്ക് വീതമുള്ള 6 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉത്തരങ്ങൾ പാട്ടുകളിലൂടെയും, കളികളിലൂടെയും കണ്ടെത്തുന്ന രീതിയാണ് അവലംബിച്ചത്. 40 മാർക്ക് പഠന ക്ലാസ്സുകളിലെ കുട്ടികളുടെ പ്രകടനം മുൻ നിർത്തിയാണ് നൽകുക. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെ നാല് കോഴ്സുകളാണ് മലയാളം മിഷൻ പാഠ്യപദ്ധതിയുടെ ഭാഗമായി ഉള്ളത്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താം ക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *