മാതൃഭാഷ പഠനം: കുട്ടികള്‍ക്ക് അറിവും ആവേശവും സമ്മാനിച്ച് കലാജാഥ പ്രയാണം തുടരുന്നു

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന സൗജന്യ മാതൃഭാഷ പഠന ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അറിവിന്റെയും, ആനന്ദത്തിന്റെയും പുതിയ വാതായനം തുറന്ന് കല കുവൈറ്റ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ കലാ ജാഥ കുവൈറ്റിലെ വിവിധ മേഖലകളിലെ ക്ലാസ്സുകളില്‍ പ്രയാണം തുടരുന്നു. കഥയും കവിതകളും പാട്ടുകളും കേരളത്തിന്‍റെ സാംസ്കാരിക തലങ്ങളും വരച്ചുകാട്ടുന്ന ജാഥ കുട്ടികള്‍ നന്നായി ആസ്വദിച്ചു. സജീവ് എബ്രഹാം, സനൽ എന്നിവർ രചനയും, സജീവ് എബ്രഹാം സംവിധാനവും നിർവ്വഹിച്ച കലാ ജാഥയില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം 30 ഓളം കലാകാരന്മാര്‍ അണിനിരക്കുന്നുണ്ട്. ഒരു മാസക്കാലം നീണ്ടു നിന്ന പരിശീലന ക്യാമ്പ്‌ പൂർത്തീകരിച്ചാണ് ജാഥ പ്രയാണം ആരംഭിച്ചത്. ഫഹഹീല്‍ , അബുഹലീഫ, അബ്ബാസിയ, സാല്‍മിയ മേഖലകളിലെ കേന്ദ്രങ്ങളിൽ ജാഥ സന്ദര്‍ശനം നടത്തി.

കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനുമായി സഹകരിച്ച്, മിഷന്റെ സിലബസും, പഠന പദ്ധതികളും കോർത്തിണക്കിയാണ് ഈ വർഷത്തെ പഠന ക്ലാസ്സുകൾ നടക്കുന്നത്. പഠനത്തിന് ശേഷം യോഗ്യതാ നിർണ്ണയ പരീക്ഷകളിൽ വിജയികളാകുന്ന പഠിതാക്കൾക്ക് സർക്കാരിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടന്നു വരുന്നു.

You May Also Like

Leave a Reply