കുവൈറ്റ് കല ട്രസ്റ്റ് സാംബശിവൻ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

തിരുവനന്തപുരം: 1978 മുതൽ കുവൈറ്റ് പ്രവാസി സമൂഹത്തിൽ കലാ കായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, 39 വർഷം പിന്നിടുകയാണ്. സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ കുവൈറ്റ് കല ട്രസ്റ്റിലൂടെ 1999 മുതൽ കേരളത്തിലും സംഘടിപ്പിച്ചു വരികയാണ്.
ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ച് SSLC-യ്ക്ക് ഉന്നത വിജയം കരസ്ഥമാക്കുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന, ഒരോ ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 2 കുട്ടികൾക്ക് 5000 രൂപ വീതം വിദ്യാഭ്യാസ എൻ‌ഡോവ്മെന്റ് 1999 മുതൽ നൽകി വരുന്നു.
കലാ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രതിഭാശാലികളെ കണ്ടെത്തി കഥാപ്രസംഗ ചക്രവർത്തി ശ്രീ. വി. സാംബശിവന്റെ പേരിൽ കല ട്രസ്റ്റ് ഏർപ്പെടുത്തിയ ‘സാംബശിവൻ സ്മാരക പുരസ്കാരം’ 2000 മുതൽ നൽ‌കി വരുന്നു. കേരളത്തിലെ പ്രതിഭാധനന്മാരായ കെടാമംഗലം സദാനന്ദൻ, പെരുമ്പുഴ ഗോപാലകൃഷ്ണൻ, പി. ഗോവിന്ദപിള്ള, കെപി‌എസി സുലോചന, സാറാ ജോസഫ്, ഒ‌എൻ‌വി കുറുപ്പ്, നിലമ്പൂർ ഐഷ, കാനായി കുഞ്ഞുരാമൻ, പ്രഭാവർമ്മ, പിടി കുഞ്ഞുമുഹമ്മദ്, ആലംകോട് ലീലാകൃഷ്ണൻ, സിജെ കുട്ടപ്പൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ, പികെ മേദിനി, അനിൽ നാഗേന്ദ്രൻ, ശ്രീകുമാരൻ തമ്പി, കെആർ മീര തുടങ്ങിയവർ മുൻ‌വർഷങ്ങളിൽ ഈ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.
2017 വർഷത്തിലെ സാംബശിവൻ സ്മാരക പുരസ്കാരം പ്രശസ്ത നാടകകൃത്തും, നാടക സംവിധായകനും, നാടക-ചലച്ചിത്ര നടനുമായ ശ്രീ. ഇബ്രാഹിം വെങ്ങരക്കാണ് നൽകുന്നത്. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ വർഷത്തെ പുരസ്കാര സമർപ്പണവും വിദ്യാഭ്യാസ എൻ‌ഡോവ്മെന്റ് വിതരണവും 2017 ആഗസ്റ്റ് 6 ഞായറാഴ്ച 3 മണിക്ക് ചാക്ക YMA ഹാളിൽ വച്ച് നടക്കുന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ദേവസ്വം-ടൂറിസം വകുപ്പു മന്ത്രി ശ്രീ. കടകം‌പള്ളി സുരേന്ദ്രൻ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. അവാർഡ് ദാന ചടങ്ങിലേക്ക് എല്ലാവരുടേയും സാന്നിധ്യം ക്ഷണിക്കുന്നതായി കല ട്രസ്റ്റ് ചെയർമാൻ എം.വി. ഗോവിന്ദൻ മാഷും, സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാടും അറിയിച്ചു.
ഇതോടൊപ്പം അന്നേ ദിവസം രാവിലെ 11 മണിക്ക് കല കുടുംബ സംഗമവും പ്രസ്തുത ഹാളിൽ നടക്കും. കുടുംബ സംഗമത്തിനു ശേഷം ഉച്ചഭക്ഷണവും സംഘാടക സമിതി ഒരുക്കുന്നുണ്ട്. കുടുംബ സംഗമത്തിൽ പ്രശസ്ത കവി ശ്രീ. മുരുക്കൻ കാട്ടാക്കട, ട്രസ്റ്റ് ട്രഷറർ ശ്രീ. സജീവൻ, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീ. പി സെയ്താലിക്കുട്ടി എന്നിവർ പങ്കെടുക്കും. കുവൈറ്റിൽ നിന്നും നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയവരും ലീവിൽ വന്നു നാട്ടിൽ ഉള്ളവരുമായ മുഴുവൻ കല പ്രവർത്തകരും കുടുംബസമേതം ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

You May Also Like

Leave a Reply