ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ: കോടിയേരി ബാലകൃഷ്ണൻ

കുവൈറ്റ് സിറ്റി: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉഴുതു മറിച്ച മണ്ണാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി രൂപപ്പെട്ടെതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമാർന്ന സഖാവ്‌ കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഒരുക്കിയ “നവോത്ഥാന സദസ്സിൽ” മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താൻ കമ്മ്യൂണിസ്റ്റായത് ശ്രീനാരായണ ഗുരുവിന്റെ പുസ്തകങ്ങളിലൂടെയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ “നമുക്ക് ജാതിയില്ല” പ്രഖ്യാപനത്തിന്റെ നൂറാം വാർഷിക സമ്മേളനം നടക്കുമ്പോളും ജാതിയുടെ പേരിലുള്ള എല്ലാ തിന്മകളും തിരിച്ചു കൊണ്ടുവരുവാനുള്ള ബോധപൂർവ്വമായ ശ്രമം നരക്കുന്നുണ്ടെന്നും, അതിനെതിരെപ്രതിരോധം സൃഷ്ടിക്കേണ്ടത് ഇന്ത്യയുടെ മതേത്ര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അത്യന്താപേക്ഷിതമാണെന്നും കോടിയേരി വ്യക്തമാക്കി.

സ്വദേശാഭിമാനി രാമപിള്ള പോലും തൊട്ടുകൂടായ്മയുടെ സന്തതിയായിരുന്നു. 1888-ൽ അരുവിക്കര പ്രതിഷ്ഠയിലൂടെ രാജവംശത്തെ ഗുരു വെല്ലുവിളിച്ചു എസ്എൻഡിപി യെ ജാതിസംഘമാക്കാൻ ഒരു കൂട്ടർ ശ്രമിച്ചപ്പോൾ ഗുരുശിഷ്യന്മാരായ ഡോക്ടർ പൽ‌പ്പുവും, കുമാരാശാനുമെല്ലാം ഈ സംഘത്തിൽ നിന്നും രാജിവെച്ചു. മതവിശ്വാസം വ്യക്തിപരമാണ്.ജവഹർലാൽ നെഹ്രു മത നിരപേക്ഷത ഉയർത്തിപ്പിടിച്ച ഭരണാ‍ാധികാരിയായിരുന്നു. കേരളത്തിൽ മത നിരപേക്ഷ ഭരണം കൊണ്ടുവന്നത് ഇഎം‌എസ് ആണ്. സമൂഹത്തിൽ ഇന്നു കാണുന്ന ഈ മാറ്റം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. പിന്നെയോ, ഒട്ടനവധിജനകീയ സമരങ്ങളിലൂടെ നമ്മുടെ നവോത്ഥാന നായകരും, പുരോഗമന പ്രസ്ഥാനങ്ങളും നേടിയെടുത്തതാണെന്ന് പുതിയ തലമുറ അറിയണം, അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യ മതനിരപേക്ഷ മൂല്യങ്ങൾ കൈവിട്ടാൽ സോവിയറ്റ് യൂണിയന്റെ അനുഭവമായിരിക്കും നമുക്ക് സംഭവിക്കുക. ഇന്ന് പാർലമെന്റ് പോലും അർത്ഥവക്തല്ലാതായി മാറിയിരിക്കുന്നു. ഇന്ന് സാമ്പത്തിക അടിയന്തിരാവസ്ഥ സംജാതമായിരിക്കുന്നു ഇന്ത്യയിൽ. ഭരണഘടനയെ നിഷ്പ്രഭമാക്കുന്നു ദേശീയതയുടെ പേരിൽ. കോടിയേരി വ്യക്തമാക്കി.

അബ്ബാസ്സിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വെച്ച് 38 മത് വാർഷിക പൊതുപരിപാടികളുടെ സമാപനവുമായി ബന്ധപ്പെട്ടാണ് കല കുവൈറ്റ് “നവോത്ഥാന സദസ്സ്” സംഘടിപ്പിച്ചത്‌. കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ. നാഗനാഥൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ്‌ കേന്ദ്രക്കമ്മിറ്റിക്കു വേണ്ടി ട്രഷറർ അനിൽ കൂക്കിരി, നാലു മേഖലകളെ പ്രതിനിധീകരിച്ച്‌ മൈക്കിൾ ജോൺസൻ (അബ്ബാസ്സിയ), പ്രസീദ്‌ കരുണാകരൻ (ഫഹാഹീൽ), മുസ്‌ഫർ (അബു ഹലീഫ), രമേഷ്‌ കണ്ണപുരം (സാൽമിയ) എന്നിവർ അദ്ദേഹത്തെ വേദിയിൽ സ്വീകരിച്ചു.

എഞ്ചിനീയറിംഗ്‌ പഠനം‌ പൂർത്തിയാക്കി ഉപരിപഠനത്തിനായി അമേരിക്കയിലേക്ക്‌ പോകുന്ന കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ. നാഗനാഥന്റെ മകൾ വിജയലക്ഷ്മി നാഗനാഥനുള്ള ഉപഹാരം കോടിയേരി ബാലകൃഷൻ കൈമാറി. കല കുവൈറ്റിന്റെ മുതിർന്ന പ്രവർത്തകനും, കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ സാം പൈനുംമൂട്‌ രചിച്ച കുവൈറ്റ്‌ ഇന്ത്യൻ കുടിയേറ്റ ചരിത്രം എന്ന പുസ്തകം ചടങ്ങിൽ വെച്ച്‌ കോടിയേരിക്ക്‌ നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന ജേക്കബ്‌ മാത്യുവിനും ആനി മാത്യുവിനും, അബ്ദുൽ ജമാലിനും കല കുവൈറ്റിന്റെ സ്നേഹോപഹാരം കോടിയേരി ബാലകൃഷ്ണൻ സമ്മാനിച്ചു. ജോൺ ആർട്ട്‌സ്‌ വരച്ച കോടിയേരിയുടെ കാരിക്കേച്ചർ വേദിയിൽ വച്ച്‌ അദ്ദേഹത്തിനു നൽകി.
കല കുവൈറ്റ്‌ സംഘടിപ്പിക്കുന്ന പ്രവാസി ഐഡി കാർഡ്‌ ക്യാംപയിന്റെ ഭാഗമായി ലഭിച്ച ഐഡി കാർഡുകൾ ചടങ്ങിൽ വെച്ച്‌ കോടിയേരി ബാലകൃഷ്ണൻ വിതരണം ചെയ്തു.

കല കുവൈറ്റ് വൈസ് പ്രസിഡന്റ് ടി.കെ സൈജു, കലയുടെ മുതിർന്ന അംഗം എൻ. അജിത്ത് കുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്‌ സ്വാഗതം ആശംസിച്ച ചടങ്ങിന്‌ ജോയിന്റ്‌ സെക്രട്ടറി സുഗതകുമാർ നന്ദി രേഖപ്പെടുത്തി.

പരിപാടിയുടെ വീഡിയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
https://m.facebook.com/story.php…

 

Leave a Reply