കേരളം ഭരിക്കുന്നത്‌ ഇച്ഛാശക്തിയുള്ള സർക്കാർ: തോമസ്‌ ചാണ്ടി

കുവൈറ്റ്‌ സിറ്റി: കേരളം ഭരിക്കുന്നത്‌ ഇച്ഛാശക്തിയുള്ള സർക്കാരാണെന്ന് ഗതാഗത വകുപ്പ്‌ മന്ത്രി തോമസ്‌ ചാണ്ടി. കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിച്ച “കേരള സർക്കാരിന്റെ ഒന്നാം വാർഷികവും, ഗതാഗത വകുപ്പ്‌ മന്ത്രിക്കും, പ്രവാസി ക്ഷേമ ബോർഡ്‌ ഡയറക്ടർക്കും സ്വീകരണം” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലകളേയും സ്പർശിച്ചു കൊണ്ടുള്ള ഭരണമാണ് ഇപ്പോൾ കേരളത്തിലുള്ളത്‌. ഗതാഗത മേഖലയിലെ അഴിമതിയും, ദുഷ്ചെലവുകളും അവസാനിപ്പിക്കുന്നതിനും, കെ.എസ്‌.ആർ.ടി.സി ലാഭത്തിലാക്കാനുമുള്ള നടപടികൾ സർക്കാർ കൈകൊണ്ട്‌ വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ക്ഷേമ ബോർഡ്‌ ഡയർക്ടർ എൻ.അജിത്‌ കുമാറിനു പരിപാടിയിൽ വെച്ച്‌ സ്വീകരണം നൽകി. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കു മുൻപെങ്ങുമില്ലാത്ത പരിഗണയാണ് ഈ സർക്കാർ നൽകുന്നതെന്നും, കുവൈറ്റിലെ എല്ലാ സംഘടനകളുടെയും സഹകരണത്തോടെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച്‌‌ നടന്ന പരിപാടിയിൽ കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. വനിതാവേദി പ്രതിനിധി സജിത സ്കറിയ, പ്രൊഫഷണൽ ഫോറം പ്രതിനിധി വിനോദ്‌ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു.

കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കല കുവൈറ്റ്‌ ട്രഷറർ രമേശ്‌ കണ്ണപുരം ചടങ്ങിനു നന്ദി രേഖപ്പെടുത്തി.

You May Also Like

Leave a Reply