കല കുവൈറ്റ് മെഗാ പരിപാടി “തരംഗം 2018” മെയ് 11ന്.

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 40ാ‍ം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ മെഗാ സാംസ്കാരിക സദസ്സ്, “തരംഗം2018” മെയ് 11 ന് ഖാല്‍ദിയ കുവൈറ്റ് യൂണിവേഴ്സിറ്റി തീയറ്ററില്‍ വെച്ച് നടക്കും മെഗാ പരിപാടിയിൽ പ്രശസ്ത കവിയും, സാംസ്കാരിക പ്രവർത്തനുമായ പ്രൊഫ:കെ. സച്ചിദാനന്ദൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത സിനിമാ നടനും, ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ഇന്ദ്രൻസും അതിഥിയായി പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ എംബസിയിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.

ഉച്ചക്ക് 2.30ന് സാസ്കാരിക സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാ പരിപാടികൾ നടക്കും. ഈ വർഷത്തെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് നേടിയ സിത്താര കൃഷ്ണകുമാർ, പ്രദീപ് സോമസുന്ദരൻ, വിജേഷ് ഗോപാൽ എന്നിവർ ഉൾപ്പെടുന്ന ഗായക സംഘവും പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേരും. പ്രശസ്ത മിമിക്രി കലാകാരന്മാരായ ബിജു ജോസ്, പ്രദീപ് മാള എന്നിവർ അവതരിപ്പിക്കുന്ന ഹാസ്യ വിരുന്ന്, രുദ്ര പെർഫോമിംഗ് ആർട്സിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ മെഗാ പരിപാടിക്ക് മിഴിവേകും.

സാംസ്കാരിക സമ്മേളനത്തിലും, തുടർന്നുള്ള കലാ മേളയിലും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമപ്രവർത്തകരുടേയും സാന്നിദ്ധ്യമുണ്ടാകുമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.

Leave a Reply