കല കുവൈറ്റ് നായനാർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് ഇ.കെ. നായനാരെ അനുസ്മരിച്ചു കൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ പരിപാടിയിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗള്‍ഫ് മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മുന്നില്‍ കണ്ട് രൂപം നല്‍കിയ പ്രവാസി സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രവാസി സാമൂഹ്യക്ഷേമ പദ്ധതിയും വഴി പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും ഒട്ടേറെ കര്‍മമ പരിപാടികളാണ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയിരുന്നതെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. കർണ്ണാടകയിലെ അവിശുദ്ധ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്ന ഈ വേളയിലാണ് നാം സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നായനാരുടെ സ്മരണ പുതുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ സമഗ്രവികസനത്തിനു വിത്തുപാകിയ ജനകീയാസൂത്രണം, വിവിധ സാമൂഹ്യ സുക്ഷാ പദ്ധതികള്‍, ഐടി വികസനത്തിന്റെ നാഴികക്കല്ലായി മാറിയ ടെക്‌നോ പാര്‍ക്ക് എന്നിവ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ആരംഭിച്ചത്. 1984ല്‍ കുവൈറ്റ് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങളാണ് കല കുവൈറ്റ് എന്ന സംഘടനയെ ഇന്നു കാണുന്ന തരത്തിലുള്ള വളര്‍ച്ചയിലേക്കെത്തിച്ചതെന്നും, നായനാര്‍ ആയിരുന്നു കുവൈറ്റ് കല ട്രസ്റ്റിന്റെ പ്രഥമ ചെയര്‍മാനെന്നും അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ച് കൊണ്ട് ഗീത സുദർശൻ പറഞ്ഞു.

കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി എം.പി മുസ്ഫർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശാസ്ത്രജ്ഞനും, മോട്ടിവേഷൻ സ്പീക്കറുമായ ഡോ:ടി.പി.ശശികുമാർ, കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരൻ എന്നിവർ നായനാരെ അനുസ്മരിച്ച് സംസാരിച്ചു. ഫഹാഹീൽ മേഖലാ സെക്രട്ടറി രവീന്ദ്രൻ പിള്ള നന്ദി രേഖപ്പെടുത്തി. തുടർന്ന് കലയുടെ പ്രവർത്തകർ ഒരുക്കിയ വിപ്ലവ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സംഗീത പരിപാടി നടന്നു.

Leave a Reply