Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

വർണ്ണവിസ്മയമായ് കല കുവൈറ്റ് മഴവില്ല്-2017

 

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി കേരള ആർട്ട് ലവേഴ്‌സ്, അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ‘മഴവില്ല്-2017 ’ ചിത്ര രചനാ മത്സരം വിദ്യാര്‍ത്ഥി പങ്കാളിത്തംകൊണ്ടും വരകള്‍കൊണ്ടും വര്‍ണ്ണാഭമായി. കുവൈറ്റിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നും ആയിരത്തിലധികം കുട്ടികളാണ് ചിത്ര രചനാ മത്സരത്തിനായി റിഗ്ഗായ് അൽ-ജവഹറ സ്കൂളില്‍ എത്തിച്ചേര്‍ന്നത്.
മത്സരങ്ങള്‍ മഴവില്ല് സംഘാടക സമിതി ചെയര്‍മാന്‍ ജോസഫ് പണിക്കർ  ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ പ്രസിഡണ്ട്‌ സി.എസ്.സുഗതകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എൻ.സി.സി പ്രതിനിധി രഹീൽ കെ.മോഹൻദാസ് സംസാരിച്ചു. മഴവില്ല് സംഘാടക സമിതി ജനറൽ കൺവീനർ പി.ബി.സുരേഷ് ആമുഖ പ്രഭാഷണം നടത്തി.  ഉദ്ഘാടന സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി ജെ.സജി സ്വാഗതവും, കല കുവൈറ്റ്‌ സാൽമിയ മേഖലാ സെക്രട്ടറി അരുൺകുമാർ  നന്ദിയും പ്രകാശിപ്പിച്ചു. കല കുവൈറ്റ് ട്രഷറർ രമേശ് കണ്ണപുരം, ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, വൈസ് പ്രസിഡന്റ് കെ.വി.നിസാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


കുവൈറ്റിലെ പ്രശസ്ത ചിത്രകാരന്മാർ പങ്കെടുത്ത  ഓപ്പണ്‍ ക്യാന്‍വാസ് കുട്ടികൾക്കും, രക്ഷകര്‍ത്താക്കൾക്കും മികച്ച അനുഭവമായി.  രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മഴവില്ല് 2017 ഒരു ജനകീയ പരിപാടിയായി മാറി.
ഉച്ചക്ക് രണ്ടുമണിക്ക് കിന്റ്റർ ഗാർഡൻ (കെ.ജി ക്ലാസ്സുകൾ), 1-4 (സബ് ജൂനിയര്), 5-8 (ജൂനിയർ), 9-12 (സീനിയർ) എന്നീ വിഭാഗങ്ങളിലായി ആരംഭിച്ച മത്സരങ്ങള്‍ നാല്മണിയോട് കൂടി അവസാനിച്ചു. മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സംഘാടക സമിതിയുടെ വകയുള്ള സര്‍ട്ടിഫിക്കറ്റുകൾ  മത്സരാനന്തരം വിതരണം ചെയ്തു. കല കുവൈറ്റ് പ്രവർത്തകർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
മത്സര ഫലങ്ങള്‍ ഉടൻ പ്രഖ്യാപിക്കും. ഫലങ്ങള്‍ www.kalakuwait.com എന്ന വെബ്‌സൈറ്റിലും പത്ര-ദൃശ്യമാധ്യമങ്ങള്‍ വഴിയും പ്രസിദ്ധീകരിക്കും

Leave a Reply