കല കുവൈറ്റ്- “മയൂഖം 2017” അതിഥികളെത്തിത്തുടങ്ങി

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ പരിപാടിയായ “മയൂഖം 2017” ൽ പങ്കെടുക്കുന്നതിനായി അതിഥികളെത്തിത്തുടങ്ങി. മെഗാ പരിപാടിയിൽ സംഗീതസന്ധ്യ അവതരിപ്പിക്കുന്ന പ്രശസ്ത പിന്നണിഗായകരായ സുധീപ് കുമാറിനും, രാജലക്ഷ്മിക്കും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കല കുവൈറ്റ് പ്രവർത്തകർ സ്വീകരണം നൽകി. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി, “മയൂഖം 2017” ജനറൽ കൺവീനർ സാം പൈനുംമൂട് എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു.

മെഗാ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ബഹു:കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ നാളെ പുലർച്ചെ കുവൈറ്റിലെത്തിച്ചേരും. മാതൃഭാഷാ പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രശസ്ത സിനിമാ നടനും, സാംസ്കാരിക പ്രവർത്തകനുമായ വി.കെ.ശ്രീരാമൻ ഇന്ന് വൈകീട്ട് എത്തിച്ചേരും.

2017 മെയ് 19, വെള്ളിയാഴ്ച്ച ഹവല്ലി ഖാദ്‌സിയ സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് കലാ പരിപാടികളോട് കൂടിയാണ് മെഗാ പരിപാടി ആരംഭിക്കുന്നത്. 3 മണിക്ക് ആരംഭിക്കുന്ന സാസ്കാരിക സമ്മേളനത്തിൽ കല കുവൈറ്റ് മെയ് 5ന് സംഘടിപ്പിച്ച ബാലകലാമേള 2017 വിജയികൾക്കുള്ള സമ്മാനദാനം മുഖ്യാതിഥി നിർവ്വഹിക്കും. കല കുവൈറ്റ് കലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന “ഫിലിം സൊസൈറ്റി”യുടെ ഉദ്ഘാടനം വേദിയിൽ വെച്ച് നടക്കും.

കുവൈറ്റിലെ പ്രമുഖ സംവിധായകരുടെ മേൽനോട്ടത്തിൽ കല കുവൈറ്റ് പ്രവർത്തകർ അണിയിച്ചൊരുക്കുന്ന വിവിധ സ്‌കിറ്റുകൾ, ദേശീയോദ്ഗ്രഥനം വിളിച്ചോതുന്ന ഫ്യുഷൻ ഡാൻസ്, കലാ പരിപാടികൾ, ബാലകലാമേളയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പരിപാടികൾ എന്നിവ അവതരിപ്പിക്കപ്പെടും.

കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.വാഹന സൌകര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയ: 60383336, , സാൽമിയ: 55484818, അബു ഹലീഫ: 66097405, ഫഹാഹീൽ: 66675110

You May Also Like

Leave a Reply