ഇന്ത്യയുടെ ജനാധിപത്യവും, മതനിരപേക്ഷതയും സംരക്ഷിക്കാൻ മാതൃഭാഷാപഠനം അനിവാര്യം: ഡോ:പി.എസ്‌.ശ്രീകല

കുവൈറ്റ്‌ സിറ്റി: ഇന്ത്യയുടെ ജനാധിപത്യത്തേയും, മതനിരപേക്ഷതയും സംരക്ഷിക്കാൻ മാതൃഭാഷാപഠനം അനിവാര്യമാണെന്ന് സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ:പി.എസ്‌.ശ്രീകല. കേരള ആർട്ട്‌ ലവേഴ്‌സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ മാതൃഭാഷാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാതൃഭാഷാ സംഗമത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ശ്രീകല. എല്ലാ ഭാഷകളേയും ഒരു പോലെ കാണാൻ നമുക്ക്‌ കഴിയണം. സംസ്കൃതവും, ഭഗവത്‌ ഗീതയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങൾ നമ്മുടെ രാജ്യത്ത്‌ നിലനിൽക്കുകയാണു. ദേശീയതയുടേയും, ദേശസ്നേഹത്തിന്റേയും വക്താക്കളായ്‌ വരുന്ന കാപട്യക്കാരെ നാം തിരിച്ചറിയണം. ഭാഷാ പഠനത്തിലൂടെ നമ്മുടെ സംസ്കാരം തിരിച്ചറിഞ്ഞു, ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കാൻ നമുക്ക്‌ കഴിയണമെന്നും അവർ പ്രഭാഷണത്തിൽ പറഞ്ഞു.

അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്‌ നടന്ന പരിപാടി ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി (കമ്മ്യൂണിറ്റി വെൽഫയർ) ശ്രീ.പി.പി.നാരായണൻ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ സി.എസ്‌.സുഗതകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിനു കല കുവൈറ്റ്‌ ആക്റ്റിംഗ്‌ സെക്രട്ടറി പ്രസീത്‌ കരുണാകരൻ സ്വാഗതം പറഞ്ഞു. മാതൃഭാഷാ സമിതി ജനറൽ കൺവീനർ സജീവ്‌ എം. ജോർജ്ജ്‌ മാതൃഭാഷാ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ. അജിത് കുമാർ, ബി.ഇ.സി കൺട്രി മാനേജർ മാത്യു വർഗ്ഗീസ്‌, യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ മാനേജർ ജോൺ തോമസ്‌ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. മാതൃഭാഷാ സമിതി രക്ഷാധികാരികളായ ജോയ്‌ മുണ്ടക്കാട്‌, രഘുനാഥൻ നായർ മാതൃഭാഷാ സമിതി കൺവീനർമാരായ പി.ആർ.ബാബു, ഇക്ബാൽ കുട്ടമംഗലം, രാജൻ കുളക്കട, മേഖലാ മാതൃഭാഷാ സമിതി കൺവീനർമാരായ പ്രജോഷ്‌, ബിജോയ്‌, ജോർജ്ജ്‌ തൈമണ്ണിൽ എന്നിവർ സംബന്ധിച്ചു. അബ്ബാസിയ മേഖല മാതൃഭാഷാ സമിതി കൺവീനർ സൈമേഷ്‌ ചടങ്ങിനു നന്ദി രേഖപ്പെടുത്തി.

മാതൃഭാഷാ വിദ്യാർത്ഥികളുടെ കലാ പരിപാടികളോട്‌ കൂടിയാണു പരിപാടിയ്ക്ക്‌ തുടക്കമായത്‌. മാതൃഭാഷാ പഠന പ്രവർത്തനങ്ങളിൽ അധ്യാപകരായ്‌ സേവനമനുഷ്ടിച്ചവർക്കും, സ്ഥല സൗകര്യം നൽകിയവർക്കുമുള്ള ഉപഹാരം മുഖ്യാതിഥി കൈമാറി. വിവിധ സംഘടനാ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കല കുവൈറ്റ്‌ മാതൃഭാഷാ സമിതിയുടേയും, കേരള സർക്കാരിന്റെ മലയാളം മിഷനും സംയുക്തമായാണു മാതൃഭാഷാ പഠന പ്രവർത്തനങ്ങൾ നടന്നത്‌. 90ഓളം ക്ലാസ്സുകളിലായ് രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ വർഷം മലയാളം പഠിക്കാനെത്തി. അബ്ബാസിയ, അബുഹലീഫ, സാൽമിയ, ഫഹഹീൽ എന്നീ നാലു മേഖലകളിലും, യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിലും ഈ വർഷം തുടർ പഠന ക്ലാസ്സുകളുണ്ടാകും.

You May Also Like

Leave a Reply