സ്റ്റീഫൻ ഹോക്കിൻസിന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

കുവൈറ്റ് സിറ്റി: ശാസ്ത്ര ഇതിഹാസം സ്റ്റീഫൻ ഹോക്കിൻസിന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. വിഖ്യാത ഭൗതിക ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്ന അദ്ദേഹം, തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും, പ്രപഞ്ചോല്പത്തിയെക്കുറിച്ച് സമഗ്രമായ സിദ്ധാന്തം ആവിഷ്കരിച്ചും ശ്രദ്ധേയനായി. അദ്ദേഹം മുന്നോട്ടുവെച്ച പല ഭൗതീകശാസ്ത്രസിദ്ധാന്തങ്ങളും ശാസ്ത്രത്തെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കി. ആൽബർട്ട് ഐൻസ്റ്റീനു ശേഷം ലോകത്തെ ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തിന്റെ ഉടമയെന്നാണ് സ്റ്റീഫൻ ഹോക്കിൻസ് അറിയപ്പെടുന്നത്. അറുപത് വര്‍ഷങ്ങളായി ശരീരം തളര്‍ന്ന അവസ്ഥയില്‍ ജീവിച്ചാണ് അദ്ദേഹം ശാസ്ത്ര സംഭാവനകള്‍ ഏറെയും നല്‍കിയത്. പൊതുവിഷയങ്ങളിലും ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുള്ള അദ്ദേഹം, പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു. ട്രംപിന്റെ പരിസ്ഥിതി നയങ്ങൾ കടുത്ത സാഹചര്യത്തിലേക്ക് ലോകത്തെ നയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം ശാസ്ത്രലോകത്തിന് നികത്താൻ കഴിയാത്ത ഒന്നാണെന്നും, അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.

Leave a Reply