കാഴ്ചയുടെ വിരുന്നൊരുക്കി അബുഹലീഫ-ഫഹാഹീൽ ഓണാഘോഷം

കുവൈറ്റ് സിറ്റി: കാഴ്ചയുടെ വിരുന്നൊരുക്കി അബുഹലീഫ-ഫഹാഹീൽ ഓണാഘോഷം. ഫിന്റാസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കൃഷ്‌ണകുമാർ പാഹെൽ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിന് ഓണാഘോഷം സ്വാഗതസംഘം ജനറൽ കൺവീനർ ടി.വി.ജയൻ സ്വാഗതം പറഞ്ഞു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ, കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി പ്രസീത് കരുണാകരൻ, വനിതാവേദി പ്രസിഡന്റ് ശാന്താ ആർ.നായർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അബുഹലീഫ മേഖലാ പ്രസിഡന്റ് പി.ബി.സുരേഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. അബുഹലീഫ മേഖല ആക്ടിങ് സെക്രട്ടറി നാസർ കടലുണ്ടി, ഫഹാഹീൽ മേഖലാ പ്രസിഡന്റ് രഹീൽ കെ.മോഹൻദാസ് എന്നിവർ സംബന്ധിച്ചു. തുടർന്ന് കല കുവൈറ്റ് പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. ഘോഷയാത്രയോട് കൂടിയാണ് പരിപാടിയ്ക്ക് തുടക്കമായത്. കല കുടുംബാംഗങ്ങൾ അവതരിപ്പിച്ച മെഗാ തിരുവാതിരയും, മെഗാ കേരള നടനവും പ്രേക്ഷകശ്രദ്ധയാകർഷിച്ചു. നൂറോളം പേരാണ് ഈ മെഗാ നൃത്ത പരിപാടിയിൽ പങ്കാളികളായത്. നാടൻ പാട്ട്, നാടകം, കാവ്യശില്പം, മാജിക് ഷോ,ഗാനമേള കുട്ടികൾക്കായുള്ള വിവിധ കളികൾ തുടങ്ങി വിവിധ പരിപാടികൾ നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

You May Also Like

Leave a Reply