ബാലവേദി കുവൈറ്റ്‌ മെഗാ പരിപാടി മാർച്ച്‌ 24ന്; സിപ്പി പള്ളിപ്പുറം മുഖ്യാതിഥി

കുവൈറ്റ് സിറ്റി:  വിവിധ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് കുട്ടികൾക്കായി ബാലവേദി കുവൈറ്റ് ഒരുക്കുന്ന ഈ വർഷത്തെ മെഗാപ്രോഗ്രാമിൽ മുഖ്യാതിഥിയായി പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര-കേരള സാഹിത്യ അക്കാദമി ജേതാവുമായ സിപ്പി പള്ളിപ്പുറം പങ്കെടുക്കും. മാർച്ച് 24 വെള്ളിയാഴ്ച അബ്ബാസ്സിയ കമ്യൂണിറ്റി ഹാളിലാണ് കുട്ടികൾക്കായി ‘ചക്കരപന്തലിൽ ഇത്തിരിനേരം’ എന്ന പേരിൽ പരിപാടികൾ ഒരുക്കിയിട്ടുള്ളത്. ഉച്ച കഴിഞ്ഞ് 2 മണിക്ക് കുട്ടികൾക്കായി സിപ്പി പള്ളിപ്പുറത്തിന്റെ നേതൃത്വത്തിൽ സർഗ്ഗസല്ലാപവും, കുട്ടികളുടെ കലാ പരിപാടികളും നടക്കും. വൈകിട്ട് 5 മണിക്ക് അദ്ദേഹം പങ്കെടുക്കുന്ന പൊതുസമ്മേളനവും പരിപാടിയുടെ ഭാഗമായി നടക്കും.  മെഗാ പരിപാടിയോടനുബന്ധിച്ച് ശ്രീ.സിപ്പി പള്ളിപ്പുറത്തെ പങ്കെടുപ്പിച്ചുകൊണ്ട് 3 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

മാർച്ച് 23ന്, വ്യാഴാഴ്ച്ച വൈകീട്ട് 7 മണിക്ക് മംഗഫ് കല സെന്ററിൽ വെച്ച്  രക്ഷിതാക്കളേയും , മാതൃഭാഷാ പ്രവർത്തകരേയും, കല കുവൈറ്റ്, വനിതാവേദി കുവൈറ്റ് പ്രവർത്തകരേയും പങ്കെടുപ്പിച്ച് കൊണ്ട് സിപ്പി പള്ളിപ്പുറവുമായി “മലയാള സാഹിത്യവും, പ്രവാസി കുട്ടികളും” എന്ന വിഷയത്തിൽ “മുഖാമുഖം” സംഘടിപ്പിക്കും.

മാർച്ച് 25ന്, ശനിയാഴ്ച്ച വൈകീട്ട് 6.30ന് മംഗഫ് കല സെന്ററിൽ വെച്ച് “എങ്ങിനെ കഥയും കവിതയും എഴുതാം” എന്ന വിഷയത്തിൽ കുട്ടികൾക്കായി “ശില്പശാല” നടക്കും.  ബാലവേദി കുവൈറ്റ് ഭാരവാഹികളും സർഗ്ഗ സല്ലാപത്തിൽ നിന്നും തെരെഞ്ഞെടുത്ത 50 കുട്ടികൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക്‌ 99456731, 97262978, 94069675, 99582216 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Leave a Reply