ഇന്ത്യയിലെ കർഷക മുന്നേറ്റങ്ങൾ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കം: എ.എൻ.ഷംസീർ

കുവൈറ്റ്‌ സിറ്റി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായ്‌ ഇപ്പോൾ നടക്കുന്ന കർഷക മുന്നേറ്റങ്ങൾ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കമാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്‌ എ.എൻ.ഷംസീർ (എം.എൽ.എ). 40ാ‍ം വാർഷികാഘോഷങ്ങളുടെ ഭാഗമായ്‌, കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിച്ച ഇ.എം.എസ്‌, എ.കെ.ജി, ബിഷപ്പ്‌ പൗലോസ്‌ മാർ പൗലോസ്‌ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത്കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ൽ ബി.ജെ.പിക്ക്‌ കനത്ത തിരിച്ചടി നൽകിക്കൊണ്ട്‌ മത നിരപേക്ഷ കക്ഷികൾ രാജ്യത്ത്‌ അധികാരത്തിൽ വരികയും, കോൺഗ്രസ്സിനു അവരെ പിന്തുണക്കേണ്ടതായും വരും. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ കെട്ടിവെച്ച കാശ്‌ പോലും കോൺഗ്രസ്സിനു കിട്ടാതിരുന്നത്‌ അവരെ ജനം കയ്യൊഴിഞ്ഞത്‌ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരണത്തിൽ വിലക്കയറ്റവും, തൊഴിലില്ലായ്മയും രൂക്ഷമായ്‌. 2 കോടി പേർക്ക്‌ തൊഴിൽ നൽകുമെന്ന് പറഞ്ഞ്‌ അധികാരത്തിൽ വന്ന ബി.ജെ.പി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം, ലക്ഷക്കണക്കിനു പേർക്ക്‌ തൊഴിൽ നഷ്ടമാകുന്ന അവസ്ഥയുണ്ടായ്‌. അതേ സമയം കേരളത്തിൽ അധികാരത്തിലിരിക്കുന്ന പിണറായി‌ വിജയൻ സർക്കാർ ജനോപകാരപ്രദമായ പദ്ധതികളുമായ്‌ മുന്നോട്ട്‌ പോവുകയാണു. നവകേരള മിഷന്റെ ഭാഗമായ്‌ നടപ്പാക്കുന്ന പദ്ധതികൾ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും നൂറു കണക്കിനു പേരാണു പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്‌.

അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വെച്ച്‌ നടന്ന അനുസ്മരണ സമ്മേളനത്തിൽ കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു സ്വാഗതം പറഞ്ഞു. ഇ.എം.എസ്‌, എ.കെ.ജി, ബിഷപ്പ്‌ പൗലോസ്‌ മാർ പൗലോസ്‌ എന്നിവരെ അനുസ്മരിച്ചുകൊണ്ടുള്ള സന്ദേശം കേന്ദ്രകമ്മിറ്റി അംഗം രജീഷ്‌.സി.നായർ അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ.അജിത്‌ കുമാർ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു. നാട്ടിൽ വെച്ച്‌ മരണപ്പെട്ട ജലീബ്‌ യൂണിറ്റംഗം ബിജുവിന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക അദ്ദേഹത്തിന്റെ മകൻ ജീവക്ക്‌ ചടങ്ങിൽ വെച്ച്‌ കൈമാറി. കല കുവൈറ്റ്‌ 40ാ‍ം വാർഷികത്തിന്റെ‌ ലോഗൊ രൂപകൽപന ചെയ്ത മനോജ്‌ മൈത്രിക്കുള്ള ഉപഹാരവും ചടങ്ങിൽ വെച്ച്‌ സമ്മാനിച്ചു. കല കുവൈറ്റ്‌ പ്രവർത്തകർ അവതരിപ്പിച്ച വിപ്ലവ ഗാനമേളയോട്‌ കൂടിയാണു പരിപാടി ആരംഭിച്ചത്‌. കല കുവൈറ്റ്‌ ജോ:സെക്രട്ടറി എം.പി.മുസ്ഫർ, വൈസ്‌ പ്രസിഡന്റ്‌ പ്രസീത്‌ കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി പ്രിൻസ്റ്റൺ ഡിക്രൂസ്‌, വനിതാവേദി പ്രസിഡന്റ്‌ രമ അജിത്‌, കുവൈറ്റിലെ സാമൂഹിക-സാംസ്കാരിക- മാധ്യമ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. കല കുവൈറ്റ്‌ ട്രഷറർ രമേശ്‌ കണ്ണപുരം നന്ദി പറഞ്ഞു.

Leave a Reply