Trending

News Details

പ്രവാസികൾക്ക് കരുതലായി കേരള ബജറ്റ്

  • 05/02/2024
  • 159 Views

കുവൈറ്റ് സിറ്റി: ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസികൾക്ക് കരുതലായി,കേന്ദ്ര ബജറ്റിലെ പ്രവാസികളോടുള്ള അവഗണനയ്ക്കിടയിലെ ആശ്വാസ ബജറ്റാണെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്. ആഗോള മാന്ദ്യത്തിന്റെയും ഗൾഫ് രാജ്യങ്ങളിലെ ദേശീയ വൽക്കരണത്തിന്റെയും ഫലമായി ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരികെയെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനുള്ള പ്രവാസി പുനരധിവാസ പദ്ധതിയും, കുറഞ്ഞത് രണ്ടുവർഷകാലം വിദേശത്ത് ജോലിചെയ്ത് മടങ്ങിവന്ന മലയാളികൾക്ക് 50000 രൂപ വരെ ചികിത്സ സഹായവും,ഒരു ലക്ഷം രൂപ വരെ മരണാനന്തര ധനസഹായവും,15000 രൂപവരെ വിവാഹ ധനസഹായവും,വൈകല്യമുള്ളവർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് 10000 രൂപവരെ ധനസഹായവും സ്വാന്തന പദ്ധതിയിലൂടെ വിലയിരുത്തിയതും പ്രവാസികൾക്ക് ആശ്വാസമാകും. നാല് വർഷമായി നികുതി വരുമാനം ഇരട്ടിയാക്കാനും തനത് വരുമാനത്തിൽ റെക്കോർഡ് വളർച്ച കൈവരിക്കാനും കേരളത്തിന് സാധിച്ചു, വികസന ക്ഷേമ പ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി സൂചിപ്പിച്ചു.ലൈഫ് പദ്ധതി വഴി 2025 മാർച്ച്‌ മാസത്തോട് കൂടി 5 ലക്ഷം പുതിയ വീടുകൾ നിർമ്മിച്ചു നൽകാനും,വിദ്യഭ്യാസ,ആരോഗ്യ മേഖലകളിൽ ഒന്നാം പിണറായി ഗവണ്മെന്റ് അധികാരത്തിൽ വന്നത് മുതൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റത്തിന് ഈ ബജറ്റിലും കൃത്യമായ പരിഗണന നൽകാൻ സാധിച്ചു.കൂടാതെ കാർഷികം ,വ്യവസായം ,മത്സ്യബന്ധനം ,ഗതാഗതം , ടൂറിസം തുടങ്ങി സമസ്ത മേഖലകളേയും പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.കേന്ദ്രത്തിൻ്റെ കടുത്ത സാമ്പത്തിക അവഗണനയുടെ പശ്ചാത്തലത്തിലും പ്രവാസികളെ ഉൾപ്പെടെ പരിഗണിച്ചുകൊണ്ടുള്ള കേരള ബജറ്റ് സ്വാഗതാർഹമാണ് എന്ന് കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് , ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.