*** Welcome to KALA Kuwait ***
കേന്ദ്ര ബഡ്ജറ്റ്: പ്രവാസികൾക്ക് അവഗണന

ധനകാര്യമന്തി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ച ഈ വർഷത്തെ ബഡ്ജറ്റിൽ പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാണിച്ചിട്ടുള്ളതെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന ദീർഘകാലമായുള്ള ആവശ്യം ബഡ്ജറ്റ് അവഗണിച്ചു.
കേരളത്തോടുള്ള സമീപനത്തിൽ മുൻ യു.പി.എ സർക്കാർ കാണിച്ച അതേ അവഗണന തന്നെയാണ് ഈ ഗവൺ‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. തകർച്ച നേരിട്ട് നട്ടം തിരിയുന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പദ്ധതികളില്ല. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനോടുള്ള സമീപനവും ഇങ്ങനെ തന്നെ. കർഷകരുടെ വായ്പാ പലിശയിളവിന് നീക്കിവച്ച തുക തീർത്തും അപര്യാപ്തമാണ്. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളായ ഐ.ഐ.ടി, ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളൊന്നും പ്രഖ്യാപനത്തിലില്ല. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിടിവ് കൊണ്ടുണ്ടായ നേട്ടം സാധാരണ ജനങ്ങളുമായി പങ്ക് വെക്കാൻ തയ്യാറായിട്ടില്ല. പരോക്ഷ നികുതിയിലൂടെ 20,670 കോടി രൂപയുടെ അധികഭാരമാണ് സാധാരണ ജനങ്ങളുടെ തലയിൽ വന്നു ചേർന്നത്. ജനോപകാരപ്രദമായ ഒരു പദ്ധതിയും ബഡ്ജറ്റിലില്ല. തികഞ്ഞ അവഗണന നേരിട്ട റെയിൽ‌വേ ബഡ്ജറ്റിനു പിറകേ വന്ന പൊതു ബഡ്ജറ്റിലും ഇതേ നിലപാടാണ് സംസ്ഥാനത്തോട് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് ആർ. നാഗനാഥനും ജനറൽ സെക്രട്ടറി സി.കെ. നൌഷാദും പത്രക്കുറിപ്പിൽ അറിയിച്ചു.

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us