*** Welcome to KALA Kuwait ***
ഫാസിസത്തിനെതിരെ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിൽ സജീവ ചർച്ചയായിരിക്കുന്ന "മതനിരപേക്ഷ ധൈഷണികതക്കു നേരെ" നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജെ.എൻ.യു ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുൻ പ്ലാനിംഗ് ബോർഡ് അംഗവുമായിരുന്ന ഡോ: കെ.എൻ ഹരിലാൽ ആയിരുന്നു മുഖ്യ പ്രഭാഷകൻ.
സർവ്വകലാശാലകൾ ആശയങ്ങളുടെ സംഘടനത്തിലേർപ്പെടാൻ അനുവദിക്കേണ്ട സ്ഥലമാണ്. സൃഷ്ടി നടക്കണമെങ്കിൽ, പുതിയ ആശയങ്ങൾ ഉണ്ടാകണമെങ്കിൽ സർവ്വകലാശാലകൾ സ്വതന്ത്രമായിരിക്കണം. വിമർശനങ്ങളെ ദേശദ്രോഹമായി കാണുന്ന സ്ഥിതിയാണ് ഇപ്പോൾ ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. സംഘപരിവാറിന്റെ നിലപാടുകൾക്കെതിരെ നിലപാടുകളെടുക്കുന്നവരെല്ലാം ദേശദ്രോഹികളെന്നാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ ഭരണകൂട നിലപാട് അപലപനീയമാണ്.
ഇന്ത്യയെ സാമ്രാജ്യത്വത്തിന് കീഴിൽ അടിമപ്പെടുത്തി പശ്ചിമേഷ്യൻ രാജ്യങ്ങളായ സിറിയയുടേയും ഇറാഖിന്റേയും സ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കുമോ എന്ന ആശങ്ക രാജ്യത്ത് വ്യാപകമാകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ 'ഫാസിസം' നടപ്പാക്കുക അത്ര എളുപ്പമല്ല. എങ്കിലും, സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുത്ത സാഹോദര്യം വീണ്ടെടുക്കേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.
ആബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ഒരുക്കിയ ജാഗ്രത സദസ്സിൽ 'കല' ആക്ടിംഗ് പ്രസിഡന്റ് സി.കെ. സൈജു അധ്യക്ഷത വഹിച്ചു. മൺമറഞ്ഞ സിനിമാതാരം കലാഭവൻ മണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി സജീവ് എം. ജോർജ്ജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഫാസിസത്തിനെതിരെ നടന്ന ജാഗ്രത സദസ്സിന് ഐക്യദാർഢ്യം നേർന്നുകൊണ്ട് രാജീവ് ജോൺ,സത്താർ കുന്നിൽ, ഹരീഷ് തൃപ്പൂണിത്തുറ, ഷെരീഫ് പിറ്റി, ജോൺ മാത്യു, ടി.വി. ഹിക്മത്ത് എന്നിവർ സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതവും മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ നന്ദിയും പറഞ്ഞു.

 

 

 

 

Copyright © 2008 - 16  KALA.   All rights reserved.          Home | Contact Us