​കല കുവൈറ്റ് ട്രസ്റ്റ് അവാർഡ് ഇബ്രാഹിം വെങ്ങരക്ക്

തിരുവനന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസ്സിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കുവൈറ്റ് കല ട്രസ്റ്റ്’ ഏർപ്പെടുത്തിയ ഈ വർഷത്തെ സാംബശിവൻ സ്മാരക പുരസ്കാരത്തിന് നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര അർഹനായതായി ട്രസ്റ്റ് ചെയർമാൻ എം.വി. ഗോവിന്ദൻ മാസ്റ്റർ, സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് എന്നിവർ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ആഗസ്റ്റ് 6-ന് തിരുവനന്തപുരം ചാക്ക ജങ്ഷനിലെ വൈഎംഎ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. 
25-ൽ അധികം നാടകങ്ങളും, 50ൽ പരം റേഡിയോ നാടകങ്ങളും, 20ഓളം ഏകാങ്കനാടകങ്ങളും രചിച്ചിട്ടുള്ള ഇബ്രാഹിം വെങ്ങര,  കേരള സംഗീതനാടക അക്കാദമി അംഗം, പുരോഗമന കലാസാഹിത്യ സംഘംസംസ്ഥാന സമിതി അംഗം, കോഴിക്കോട് ആകാശവാണിയിൽ പരിപാടികളുടെ ഉപദേശകസമിതി അംഗം, കേരള ഡ്രാമാ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി അംഗം, സ്വാതന്ത്ര്യ സുവർണ്ണജൂബിലി സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

കേരളത്തിലെ കലാ-സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനുവേണ്ടി 2000 മുതൽ കുവൈറ്റ് കല ട്രസ്റ്റ് തുടക്കമിട്ടതാണ് സാംബശിവന്റെ പേരിലുള്ള ഈ പുരസ്കാരം. കെ. ആർ. മീര, ഒഎൻ‌വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവർമ്മ, കെടാമംഗലം സദാനന്ദൻ, കെ.പി.എ.സി സുലോചന, നിലമ്പൂർ ആയിഷ, പി.കെ. മേദിനി, അനിൽ നാഗേന്ദ്രൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർക്കാണ് മുമ്പ് കല ട്രസ്റ്റ് അവാർഡുകൾ ലഭിച്ചിട്ടുള്ളത്.

പ്രസ്തുത ചടങ്ങിൽ വെച്ച് കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും നടക്കുന്നതായിരിക്കും. മലയാളം മീഡിയത്തിൽ പഠിച്ച് ഉന്നത മാർക്കോടെ പത്താം തരത്തിൽ വിജയികളാവുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 28 കുട്ടികൾക്കാണ് വിദ്യാഭ്യാസ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളത്.

You May Also Like

Leave a Reply